മെല്‍ബോണ്‍: യാത്രക്കാരന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി. ഓസ്‌ട്രേലിയയിലെ മെല്‍ബോണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി താഴെയിറക്കിയെന്നും അക്രമം കാട്ടിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. കയ്യിലിരുന്ന ഒരു വസ്തു കാട്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സ്‌ഫോടകവസ്തുവല്ലെന്ന് സ്ഥിരീകരിച്ചു.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്ക് ആണ് ഇയാള്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് മലേഷ്യ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ കപ്രാവി പറഞ്ഞു. യാത്രക്കാരന്‍ മദ്യപിച്ചിരുന്നു. 25 വയസുള്ള ഓസ്‌ട്രേലിയക്കാരനാണ് പ്രതി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും കേസുകള്‍ ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിവരമുണ്ട്.
ഇയാള്‍ പൈലറ്റിനെ കാണണമെന്ന് പറഞ്ഞുകൊണ്ട് പോകുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. ഇരിക്കാന്‍ വിസമ്മതിച്ച ഇയാള്‍ വിമാനം താന്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കി. ജീവനക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ താനും അവരെ സഹായിക്കാന്‍ തയ്യാറായെന്ന് ആന്‍ഡ്രൂ ലിയോന്‍സെല്ലി എന്ന ഈ യാത്രക്കാരന്‍ പറഞ്ഞു. വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളിലായിരുന്നു സംഭവം. വിമാനത്തിന്റെ പിന്നിലേക്ക് ഓടിയ ഇയാള്‍ തണ്ണിമത്തന്റെ വലിപ്പമുള്ള ഒരു വസ്തു എടുത്തു കാട്ടി. രണ്ട് ആന്റിനകള്‍ ഉണ്ടായിരുന്ന ഇത് ഒരു പവര്‍ ബാങ്ക് ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
Leave a Reply