ക്വാലലംപൂര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്‍റെ തേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന് വിജയം. ഭരണ സഖ്യമായ ബാരിസണ്‍ നാഷനലിന്റെ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മഹാതിര്‍ സഖ്യത്തിന്റെ ജയം. 222 അംഗ പാര്‍ലമെന്റില്‍ 112 സീറ്റുകളും പ്രതിപക്ഷ സഖ്യം കരസ്ഥമാക്കി. ബാരിസണ്‍ നാഷനലിസ്റ്റിന് 76 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
വ്യാഴാഴ്ച മഹാതിര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാവും 92 കാരനായ മഹാതിര്‍. മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് കണക്കാക്കപ്പെടുന്നത്.
സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാതിറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്.
വിജയത്തിന് പിന്നാലെ നജീബിനെതിരെ അഴിമതിക്കേസില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ പ്രതികാരം ചെയ്യില്ല’ എന്നാണ് മഹാതിര്‍ പ്രതികരിച്ചത്. നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1981 മുതല്‍ 2003 വരെ 22 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ 78-ാം വയസില്‍ സ്വയം വിരമിക്കുകയായിരുന്നു.
Leave a Reply