മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. വിദേശത്ത് വെച്ച്‌ ഭര്‍ത്താവ് നിരന്തരമായി സിനിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മാള്‍ട്ടയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

അപകടത്തില്‍പ്പെട്ട് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടില്‍ വെച്ചും വിദേശത്തു വെച്ചും സിനിയെ ഭര്‍ത്താവ് മോനിഷ് ഉപദ്രവിക്കാറുണ്ടായിരുന്നതായും അമ്മ അടക്കമുള്ളവര്‍ ആരോപിക്കുന്നു. അടുത്തിടെ ചെരുപ്പ് കൊണ്ട് രണ്ട് വശത്തും അടിച്ചെന്ന് പറയുകയും അതിന്റെ ഫോട്ടോകള്‍ മകള്‍ അയച്ചുതന്നതായും സിനിയുടെ അമ്മ പറയുന്നു. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വീട്ടിലേക്ക് വിളിച്ച്‌ സംസാരിച്ചിരുന്നതാണെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. നാട്ടിലെത്തിയിട്ടും ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നില്ല. ഇതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.