ജേക്കബ് പ്ലാക്കൻ

ആയിരം നക്ഷത്രങ്ങൾ ആകാശത്തുദിച്ചു ..ആ താരകങ്ങൾ മണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു …!
ആകാശതാരകങ്ങളെല്ലാം ഒന്നിച്ചുദിച്ചപോലരു പൈതൽ….ഇതാ പുൽത്തൊട്ടിയിൽ പിറന്നിരിക്കുന്നു …!
പാലാഴി മദനത്തിലൂടെ ജനിച്ച കാമധേനുവിന്റെ മക്കളുടെ ഗോശാലയിൽ …!
വൈക്കോൽ മെത്തയിൽ ….!പിള്ളക്കച്ചയിൽ പൊതിഞ്ഞൊരു
നക്ഷത്രതേജസ് ..!
അരികിൽ ആ ദിവ്യജ്യോതിസിനെ പ്രണമിച്ചുകൊണ്ട് കന്യകയായ അമ്മയും ..!
താരാംബരത്തിൽ നിന്നും പൗർണ്ണമി വെള്ളിപ്പുടവയഴിച്ചു …മെല്ലെമെല്ലെ ഭൂമിദേവിയെ പുതപ്പിക്കുന്നു ..
മേഘങ്ങൾ മനസിലെ ആഹ്ളാദം മഞ്ഞായി പൊഴിക്കുന്നു …!
ശാന്തമായിരുന്നു ആ രാത്രി …!
കറയുണങ്ങാത്ത മരക്കഷണങ്ങൾ അഗ്‌നിയിൽ എരിഞ്ഞടങ്ങുമ്പോൾ …!
ആകാശഗംഗയിൽ നീന്തി കുളിക്കുവാനെന്നവണ്ണം നാളങ്ങൾ മേലോട്ട് ഉയരുന്നു …അന്തിച്ചോപ്പിന്റെ
ജ്വാലമുഖങ്ങളിൽ സമുദ്ര നീലിമ പടർന്നുകാളൂന്നു ….!
അടുത്ത് …അഗ്നികുണ്ഡത്തിനടുത്ത് മരച്ചോലചേർന്നവർ വിശ്രമിച്ചു …തെറ്റാണ് ..
അവർ വിശ്രമിക്കുകയായിരുന്നില്ല …മാറിമാറി ഉറങ്ങാതെ തങ്ങളുടെ സർവ്വസ്വവുമായ അജഗണത്തിനു സംരക്ഷണം നൽകുകയാണ് …!
തവണവെച്ചുറങ്ങുന്നവർ കമ്പിളി പുതപ്പിനുള്ളിലും ഉറങ്ങാതിരിക്കുന്നവർ …..പുല്ലാംകുഴലിന്റെ സുഷിരങ്ങളിലെ ഈണങ്ങൾക്കു പ്രാണൻ പകർന്നുമിരിക്കുമ്പോൾ …!
അടുത്ത് …വളരെ അടുത്ത് …കയ്യെത്താത്ത ദൂരത്തിനടൂത്ത് …!
മഞ്ഞുപോലെ …തൊട്ടാൽ അലിഞ്ഞു പോകുംമെന്നു തോന്നിപ്പിക്കുന്ന …മാലാഖ …തെളിഞ്ഞു വരുന്നു …!മാലാഖമാർ …കാഹളമുയർത്തി പറന്നിറങ്ങുന്നു …!സുഷിരങ്ങളിലെ രാഗവിസ്താരങ്ങല്ലാതെ ….മറ്റൊന്നുംമറിയാത്ത ഇടയർ ….ഇമവെട്ടാതെയാസാധാരണ അനുഭവം കണ്ട് പകച്ചുപോയി …!
അവരുടെ കാതുകളിൽ പതിഞ്ഞിട്ടുള്ള മുരളീ നാദത്തെക്കാൾ ….ഇമ്പമാർന്ന ഒരു സ്വരം …അലിവാർന്ന സ്വരം …അതിമൃദുവായ മന്ത്രം …!
ആരും …അതുവരെ ….അവരോടു ഉരിയാടാത്തൊരു സ്വരസ്ഥായീൽ …പ്രത്യാശയുടെ
സദ്‌വാർത്ത …!ആദ്യമായ് …അന്നവർ ..കേട്ടു …!
മഞ്ഞും മഴയും വെയിലും കൊണ്ട് …രാപകൽ പുൽമേടുകളിൽ ..ഉണ്ടും ഉറങ്ങിയും ആടുകളുടെ ഉയിർകാക്കുന്നവർ …. കുലജാതർ നിസ്സാരരെന്നു വിധിച്ചവർ …!അവർ അറിഞ്ഞു …ലോകത്തിന്റെ പ്രതീക്ഷയുടെ ഉത്തരം …അവർക്ക് പ്രാപ്യമായൊരിടത്ത് …തൊഴുത്തിൽ …കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു …!
എല്ലാമറന്നവരോടി …!പുൽക്കൂട്ടിലെ രാജകുമാരനെ കാണാൻ …!ദൈവകുമാരനെ കാണാൻ …കന്യകാസുതനെ കാണാൻ ….!
സ്നേഹത്തിനൊരു പുതുമന്ത്രം രചിച്ചവനെ കണ്ടു കൈതൊഴാൻ …!

മാലാഖമാർ താരാട്ടുപാടിയുറക്കുന്ന പൈതലിനെ കണ്ടവർ മനം നിറയുന്നു ….!താരകൾ താഴെ താണു വണങ്ങുന്ന …താരത്തിളക്കം തീണ്ടാത്ത …
എളിമയുടെ പര്യായത്തെ …!
ജ്ഞാനികൾക്ക് മാത്രം വായിച്ചെടുക്കാൻ കഴിയുന്ന
പ്രകൃതിയുടെ പ്രതീക്ഷ നക്ഷത്രത്തെ ……അവർ …അതെ ആട്ടിടയർ …അവരാണ് ആദ്യം കണ്ടത് …! അവർ അപ്പോൾമുതൽ ആല്മാവിൽ അതിസമ്പന്നരായി …!കിഴക്കുദിച്ച അത്ഭുതകരമായ നക്ഷത്രത്തെ വ്യാഖ്യാനിച്ചെടുത്ത വിജ്ഞാനികൾ ആ നക്ഷത്രത്തെ പിൻപറ്റി യാത്രയാരംഭിക്കുന്നു …!
കിഴക്ക് നിന്നെത്തിയ ജ്യോതിശാസ്ത്ര വിശാരദർ
പൊന്നും മീറയും സുഗന്ധവും സമർപ്പിച്ചു വാഴ്ത്തുന്നു …!മുട്ടുകുത്തി സ്വന്തം നിസ്സാരത അനുഭവിച്ചറിയുന്നു …!
ആ രാത്രി …ശുഭരാത്രി …സന്മനസ്സുള്ളവരുടെ സമധാനരാത്രി …!
പക്ഷേ കൊട്ടാരത്തിൽ ….ഹേറോദോസ് രാജാവിന്‌
മാത്രം ഉറക്കം വന്നില്ല..! പിന്നെ ‘സ്നേഹത്തിന്റെ തിരുപ്പിറവി ‘യെ രക്തത്തിൽ മുക്കികൊല്ലുവാനുള്ള ഭരണാധികാരത്തിന്റെ ഖഡ്ഗങ്ങൾ ഉയർന്നു താഴുകയായി ….!

ഇന്നും കൊട്ടാരങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്നവർ കൂടിക്കൂടി വരുന്നു ..!
അവരുടെ പേ സ്വപ്നങ്ങളിൽ നിന്നും നിഷ്കളങ്ക ശിശുരോദനം ലോകമാകെ മുഴങ്ങുന്നു….
അവർ സാമര്‍ഥ്യത്തോടെ തിരുപ്പിറവി വിറ്റു സമ്പന്നതയിൽ രമിക്കുന്നു …
അതെ ….പുൽക്കൂട്ടിലെ പിള്ളകച്ചയിൽ പൊതിഞ്ഞ ശിശുവിന്റെ ഓർമ്മ ….വിൽക്കുകയാണ് …!വിറ്റ് പണമാക്കപ്പെടുന്നു …എങ്ങും എവിടെയും …!
സ്നേഹത്തിന്റെ തിരിനാളം കൊളുത്താൻ സമയമില്ലാത്തവർ …!അരമനകളിൽ അരപ്പട്ട കെട്ടി കുഞ്ഞാടുകളുടെ രക്തം വീഴ്ത്തി മാംസം പങ്കുവെക്കുന്നു …!മുന്തിയ മുന്തിരി ലഹരിയിൽ മയങ്ങുന്നു ….!ആഘോഷളും ഭക്ത അഭ്യാസങ്ങളും ആരവങ്ങളും മാലാഖമാരുടെ മൃദു മന്ത്രണങ്ങളെ മുക്കികൊല്ലുന്നു ….
ഹേറോദോസ് മാത്രം അട്ടഹസിക്കുന്നു …!

സ്നേഹം ..സ്നേഹം … …!
പുൽത്തൊഴുത്തിലെ നിഷ്കാമസ്നേഹം….!വീണ്ടും
പിറക്കുന്നത് കാണാനായി മാത്രം ഞാൻ കണ്ണുതുറന്നു കാത്തിരിക്കുന്നു …!മിന്നാമിന്നുകളോടൊപ്പം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814