ബംഗാളിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം ബിജെപി ബഹിഷ്ക്കരിച്ചു. എന്നാല്‍ ബിജെപി നേതൃത്വം പരാജയം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ബംഗാളിലെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി എച്ച് എസ് ദ്വിവേദി പാലിച്ചില്ലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെയും കൊല്‍ക്കത്ത കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളും അഡീഷന്‍ ചീഫ്സെക്രട്ടറി കൈമാറിയില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് സ്ഥിതി വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം ബംഗാളിലെ സംഘര്‍ഷമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി. പല സ്ത്രീകള്‍ക്കും ബലാല്‍സംഗ ഭീഷണി നിരന്തരം നേരിടേണ്ടിവരുന്നു. പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. ഇരകള്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി. പശ്ചിം മേദിനിപുരില്‍ ബലാല്‍സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ വനിത കമ്മിഷന്‍ അംഗങ്ങള്‍ കണ്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.
കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ബിജെപി വനിത നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അതിനിടെ, നിയമസഭയില്‍ മമത ബാനര്‍ജി ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താന്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ബിെജപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ടിഎംസി നേതാവ് ബിമന്‍ ബാനര്‍ജിയെ സ്പീക്കറായി തിരഞ്ഞെടുത്തു.
Leave a Reply