ഇതെന്നെക്കൊണ്ടാകുന്ന ചെറിയ സഹായമാണ് വയനാട്ടിലെ ജനങ്ങൾക്കായി ഇപ്പോൾ ചെയ്തതെന്നും ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കുമെന്നും നടൻ മമ്മൂട്ടി. എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കും പോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനിപ്പോൾ ഒരു ചെറിയ സംഖ്യയാണ് നൽകിയത്. വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോൾ. ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മൾ അതറിഞ്ഞ് പ്രവർത്തിക്കുക. അവരവരാൽ കഴിയുന്നത് ചെയ്യുക. ഇത് ചെറിയൊരു ഇൻസ്റ്റാൽമെന്റാണ്. ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കും’, മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി സ​ഹായം ഏൽപ്പിച്ചത്. സഹായധന ചെക്കുകൾ മമ്മൂട്ടിയിൽ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വയനാട്ടിലെ ദുരന്തഭൂമിയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ടുമായി യുവതാരം ദുൽഖർ സൽമാൻ. ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് അദ്ദേഹം കുറിച്ചു.

‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്.

എന്തു സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് നമ്മൾ. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും എന്റെ പ്രാർഥനകൾ കൂടെയുണ്ടാകും’.– സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ദുൽഖർ സൽമാന്റെ കുറിപ്പ് .