കോടിയേരി ബാലകൃഷ്ണന് ആദാരാഞ്ജലിയുമായി മലയാള സിനിമാ ലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.
”പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍..” എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
”സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട” എന്ന് മോഹന്‍ലാല്‍ കുറിച്ചു.
“ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!”, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ആനി രാജ, സംവിധായകന്‍ പ്രിയദര്‍ശനും മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.
ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംസ്‌കാരം.
Leave a Reply