ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമാക്കിയിട്ടുള്ള സിനിമകളിൽ പ്രധാനപ്പെട്ടതാണ്. മുട്ടത് വർക്കിയുടെ നോവലിനേ അടിസ്ഥാനമാക്കി ഹിറ്റ് മേക്കർ ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായും കോട്ടയം കുഞ്ഞച്ചൻ മാറി. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന്റെ പോസ്റ്റർ വിജയ് ബാബുവും മമ്മൂട്ടിയിയും ചേർന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ മിഥുൻ മാനുവൽ തോമസ് കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.

ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ കേരളത്തിലെ സിനിമാ പ്രേമികൾ തങ്ങളുടെ ഇഷ്ട്ട കഥാപാത്രം കോട്ടയം കുഞ്ഞച്ചന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നല്ല.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത് . കഥയോ തിരക്കഥയോ ശരിയായിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു വ്യക്തമാക്കി.

ഇത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.

മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചനെന്നും അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളുവെന്നും വിജയ് ബാബു പറയുന്നു.