മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലെ സുപ്രധാന രംഗങ്ങള്‍ ലീക്ക് ആയി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും രംഗങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സിനിമയിലെ നിര്‍ണായക രംഗം തന്നെയാണ് ചോര്‍ന്നത്, എന്നാല്‍ ഇത് സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഓഗസ്റ്റ് സിനിമാസിന്റെ സാരഥികളിലൊരാളായ ഷാജി നടേശന്‍ പ്രതികരിച്ചു. സൈബര്‍ ഡോം ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുര്‍ത്തുന്നുമുണ്ട്.
ദ ഗ്രേറ്റ് ഫാദറി’ന്റെ രംഗം എണ്ണൂറോളം ലൈക്കുകള്‍ മാത്രമുള്ള ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് ഇന്നലെ രാത്രിയോട് പുറത്തുവന്നത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി. മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെടുന്ന രംഗം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള രൂപത്തിലാണ് പുറത്തുവന്നത്.
സെന്‍സറിംഗിന് മുമ്പുള്ള കോപ്പിയാണ് ഇത്. ഇത് മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാന രംഗം ലീക്ക് ആയെന്നും നടപടി എടുക്കണമെന്നും ഷാജി നടേശനോട് ആവശ്യപ്പെട്ടപ്പോള്‍ ഈ രംഗം വൈറലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ സ്‌ക്രീന്‍ ഷോട്ട് ആധാരമാക്കി ചിലര്‍ പറയുന്നു.
മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് രചനയും സംവിധാനവും. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. ബേബി അനിഖ, സ്‌നേഹ, ആര്യ, മിയ എന്നിവരും സിനിമയിലുണ്ട്.
ക ടപ്പാട്: സൗത്ത് ലൈവ് ന്യൂസ്