ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹമാധ്യമത്തിൽ നിറയുന്ന സംശയമാണ് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകിയില്ല എന്നത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് പേരൻപിലൂടെ ലഭിക്കുമെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം വിശ്വസിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.
‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’ രാഹുൽ റവൈൽ പ്രതികരിച്ചു. മറുപടിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം രോഷം ഉയരുകയാണ്.
എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.
മമ്മൂട്ടിക്കായി കമന്റ് പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ് ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍.
അവിടെയും തീർന്നില്ല, വീണ്ടും മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.
അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ‘ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,’ എന്നായിരുന്നു ജൂറിയുടെ പ്രതികരണം.
ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
Leave a Reply