രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.

‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.

”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.

അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.