‘പേരൻപ്’ മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രീമിയർ ഷോയിൽ മമ്മൂട്ടിയും സംവിധായകൻ റാമും മറ്റ് അണിയറപ്രവർത്തകരും എത്തി. ഇതോടൊപ്പം മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ചേർന്നതോടെ പ്രീമിയർ ഷോ ആഘോഷം തന്നെയായി. ഷോയ്ക്ക് ശേഷം നടത്തിയ പരിപാടിയിൽ എന്തുകൊണ്ട് മമ്മൂട്ടിയെ പേരൻപിൽ തിരഞ്ഞെടുത്തു എന്ന് പലരും ചോദിച്ചു. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ പറഞ്ഞത് ഇങ്ങനെ;

ഞാൻ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുൻസിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകർക്കാണ്- താരത്തിന്റെ വാക്കുകൾ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്.

രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപിനെ വാഴ്ത്തുന്നത്. പത്തുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അതിനേക്കാളുപരി ഇതിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നുള്ളത് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സംസാരവിഷയമാണ്.

ഒരു തമിഴ് ചാനൽ നടത്തിയ ടോക്ക് ഷോയിൽ നിർമാതാവ് പിഎൽ തേനപ്പനാണ് താരത്തിന്റെ സാന്നിധ്യത്തിൽവെച്ച് ഇത് പറയുന്നത്. പേരൻപിൽ അഭിനയിച്ചതിന് ഇതുവരെയും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതത്തോടെയാണ് അവതാരക കാരണം ചോദിക്കുന്നത്. കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ. “കഥ പുടിച്ചുപോച്ച്, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്” (കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ല) – എന്ന് തമിഴിൽ തന്നെ മറുപടി പറഞ്ഞതും വൈറലാണ്. അതിനോടൊപ്പമാണ് ഇന്നത്തെ മറുപടിയും തരംഗമായിരിക്കുന്നത്.