ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണിൽ മെമ്മോറിയൽ ചടങ്ങിനിടെ വെടിവയ്പ്പ്. കുട്ടികളടക്കം 40 മുതൽ 50 പേർ വരെ ഒത്തുകൂടിയിരുന്ന സ്ഥലത്താണ് 40കാരനായ ഒരാൾ വെടിയേറ്റ് മരിച്ചത്. ഈസ്റ്റ് ആക്ടണിലെ ബ്രേബ്രൂക്ക് സ്ട്രീറ്റും എർകോൺവാൾഡ് സ്ട്രീറ്റും ചേരുന്ന ഭാഗത്ത് ഇന്നലെ രാത്രി 7.47ഓടെയാണ് വെടിയൊച്ച കേട്ടത്. കളിസ്ഥലത്തിന് സമീപമുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ലണ്ടൻ ആംബുലൻസ് സർവീസ് സംഘം ഗുരുതരമായി പരുക്കേറ്റയാളെ ചികിത്സിച്ചെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരണം സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായം കുടുംബത്തിന് നൽകുന്നുണ്ട്. മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തും. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈസ്റ്റ് ആക്ടൺ കമ്മ്യൂണിറ്റി സെന്ററിൽ മെമ്മോറിയൽ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വെടിവയ്പ്പിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമല്ലെന്നും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബ്രേബ്രൂക്ക് സ്ട്രീറ്റിൽ ഇപ്പോഴും പൊലീസ് കാവലിൽ ക്രൈം സീൻ നിലനിൽക്കുകയാണ്.

സംഭവസമയത്ത് 40 മുതൽ 50 പേർ വരെ സ്ഥലത്തുണ്ടായിരുന്നതായും ഇതിൽ കുട്ടികളും ഉൾപ്പെട്ടിരുന്നതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു. എർകോൺവാൾഡ് സ്ട്രീറ്റ്, ബ്രേബ്രൂക്ക് സ്ട്രീറ്റ്, സമീപ റോഡുകൾ, വോംവുഡ് സ്ക്രബ്സ് കളിസ്ഥലം എന്നിവിടങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ ഉണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു. സംശയകരമായി ആയുധങ്ങളുമായി നടന്നവരെയോ വേഗത്തിൽ സഞ്ചരിച്ച വാഹനങ്ങളെയോ ബൈക്കിൽ സഞ്ചരിച്ചവരെയോ കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കണം. ഫോട്ടോ, വീഡിയോ, ഡാഷ്‌കാം ദൃശ്യങ്ങൾ, ഡോർബെൽ ക്യാമറ ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവ കൈവശമുള്ളവരും പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു.