ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൻ എച്ച് എസ് സംവിധാനങ്ങളെകുറിച്ചുള്ള പരാതികൾ വീണ്ടും സജീവമാകുന്നു. അപ്പോയ്ന്റ്മെന്റ് ലഭിക്കാനുള്ള കാലതാമസം കാരണം മരണങ്ങൾ വരെ നിലവിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എൻഎച്ച്എസ് ഡെന്റൽ അപ്പോയിന്റ്മെന്റ് ലഭിക്കാത്ത 64 വയസ്സുള്ള റേ എന്ന വ്യക്തിക്ക് രോഗം പരിശോധിക്കാൻ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ടി വന്നു.
ഏകദേശം 50 പൗണ്ട് ചിലവഴിച്ചാണ് ഇയാൾ ചികിത്സ നടത്തിയത്. മാത്രമല്ല, ഫലത്തിൽ ഇത് ക്യാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ശൈത്യകാലത്ത് താടിയെല്ലിൽ വ്രണവും വീക്കവും അനുഭവിക്കാൻ തുടങ്ങി. ഈ അടുത്തിടെ ഇത് പല്ലിലേക്ക് വ്യാപിക്കാനും തുടങ്ങി. വേദന തുടർന്നപ്പോൾ എൻ എച്ച് എസ് ദന്തഡോക്ടറെ ബന്ധപ്പെട്ടെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ ഇതിനകം 800 പേർ ഉണ്ടെന്ന് പറഞ്ഞു. വേദന അസഹ്യമായി തുടർന്നപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുകയായിരുന്നു. പണം ചിലവാക്കി തന്നെ ചികിത്സ ലഭ്യമാക്കി. പരിശോധനയിൽ ട്യൂമർ കണ്ടെത്തി.
ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് തന്നെ അന്ന് പ്രൈവറ്റ് ആശുപത്രിയിൽ പോയത് കൊണ്ടാണെന്നാണ് റേ പറയുന്നത്. അപ്പോയിൻമെന്റ് നോക്കി ഇരുന്നാൽ ഒരുപക്ഷെ മരണപ്പെട്ടേനെ എന്നും അദ്ദേഹം പറയുന്നു. എൻ എച്ച് എസ് അപ്പോയിൻമെന്റുകൾക്ക് കാലതാമസം നേരിടുന്നത് ഇത് ആദ്യസംഭവമല്ല. ആളുകളുടെ ആരോഗ്യ അവസ്ഥയെ വെയ്റ്റിംഗിൽ നിർത്തുന്നത് മുൻപും പ്രതിഷേധം ഉയർത്തിയ സംഭവമാണ്.
Leave a Reply