കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ പൊക്കാന്‍ നേപ്പാള്‍ അതിര്‍ത്തിയിലെത്തിയ കൊച്ചി സിറ്റി പോലീസ് സംഘം മലയിടിച്ചിലില്‍ പെട്ടു. പ്രതിയ പിടികൂടി മടങ്ങും വഴിയാണ് രണ്ടുവട്ടം ഇവര്‍ മലയിടിച്ചിലിനെ അഭിമുഖീകരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലും തകര്‍ന്നു.

കലൂര്‍ അശോക റോഡിലെ യുവതിയുടെ പരാതിയില്‍ കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പി (47) യെ പിടികൂടാനാണ് സംഘം രാജ്യാതിര്‍ത്തിയിലെത്തിയത്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒ.മാരായ കെ.എസ്. സുനില്‍, കെ.സി. മഹേഷ് എന്നിവര്‍ തീവണ്ടിയില്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലെത്തി.

ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തരാഖണ്ഡ്-നേപ്പാള്‍ അതിര്‍ത്തിയായ ദാര്‍ചുലയില്‍ ആണെന്നറിഞ്ഞു. മലമ്പാതയിലൂടെ 237 കിലോമീറ്റര്‍ അകലെയുള്ള ദാര്‍ചുലയിലേക്ക് ടാക്‌സി വിളിച്ചുപോയ ഇവര്‍ ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിതന്നെ തനക് പൂരിലേക്ക് മടങ്ങി. രാവിലെ 11-ന് തനക്പൂരില്‍ നിന്ന് ഡല്‍ഹിക്കുള്ള തീവണ്ടി പിടിക്കുകയായിരുന്നു ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ യാത്രയ്ക്കിടയിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ബുധനാഴ്ച രാവിലെ അഞ്ചിന് ചമ്പാവത്ത് ദോണിലുണ്ടായ മലയിടിച്ചിലില്‍ ഇവരുടെ കാറിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ നഷ്ടമാകാതിരുന്നതെന്ന് എ.എസ്.ഐ. വിനോദ് കൃഷ്ണ പറഞ്ഞു. മണ്ണിടിഞ്ഞുവീണ് വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുന്നത് ഇവിടെ പതിവാണ്.

റോഡിന് ഇരുവശവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ഒടുവില്‍ ജെ.സി.ബി. എത്തിച്ച് രാവിലെ 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 15 മിനിറ്റ് യാത്ര ചെയ്യുന്നതിനിടെ വീണ്ടും മലയിടിഞ്ഞു. തനക്പൂരില്‍ തീവണ്ടി നഷ്ടമായതോടെ നൂറു കിലോമീറ്ററോളം അധികം സഞ്ചരിച്ച് ഹില്‍ദ്വാനിയിലെത്തിയാണ് ഡല്‍ഹിയിലേക്ക് തീവണ്ടി പിടിച്ചത്. വ്യാഴാഴ്ച രാവിലെ ഇവര്‍ ഡല്‍ഹിയില്‍നിന്ന് കൊച്ചിക്ക് പുറപ്പെടും.