ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ റെഡ്കാർ പട്ടണത്തിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ഞെട്ടലാണ് ഉളവാക്കിയത് . വ്യാഴാഴ്ച ഉച്ചയ്ക്ക് ഡോർമൻസ്റ്റൗണിലെ ഹാർഡെയിൽ ഗ്രോവിലുള്ള വീട്ടിലേക്ക് വാർത്തയറിഞ്ഞ് ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട നായയുടെ ഉടമസ്ഥനായിരുന്നുവെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. തെരുവിൽ ഒരു നായയെയും വീട്ടിനുള്ളിൽ മറ്റൊരു നായയെയും പോലീസ് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

കുഞ്ഞ് നായയുടെ കടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 31-കാരിയായ ഒരു സ്ത്രീയ്ക്കും കൈയിൽ കടിയേറ്റു, തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധർ നടത്തിയ പരിശോധനയിൽ ഈ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply