ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഡർബി നഗരമധ്യത്തിൽ ശനിയാഴ്ച രാത്രി നടന്ന കാർ അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 9.30ഓടെ ഫ്രയർ ഗേറ്റ് പ്രദേശത്ത് ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് ഡർബിഷയർ പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരനായ 30-വയസ് പ്രായമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ്, ഗുരുതരമായ ശാരീരിക പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുറന്ന മനസ്സോടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഓൺലൈനിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരുദ്ധമായി ആരും മരണപ്പെട്ടിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണിയുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. . ഫ്രയർ ഗേറ്റ് പ്രദേശം കർസൺ സ്ട്രീറ്റ് മുതൽ ഫോഡ് സ്ട്രീറ്റ് വരെ അടച്ചിട്ടിരിക്കുകയാണ്.

സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നതു. സമീപത്തുണ്ടായിരുന്നവർ ഭീതിയോടെ സംഭവവിവരങ്ങൾ പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഡർബി സിറ്റി കൗൺസിൽ നേതാവ് നദിൻ പീറ്റ്ഫീൽഡ് സംഭവം ഭീകരമാണെന്ന് പ്രതികരിച്ചു. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ച അവർ അടിയന്തിര സേവനങ്ങളുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ചു. ഡർബി നോർത്ത് എംപി കാതറിന്‍ ആറ്റ്കിൻസൺ പാർലമെന്റിൽ ഇത്തരം സംഭവങ്ങൾ ചർച്ച ചെയ്യുമെന്നും കാറുകൾ ആയുധമായി ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.