മണ്ണാര്‍ക്കാട്: വീട്ടില്‍നിന്ന് നിധിയെടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 82 ലക്ഷം രൂപ വെട്ടിച്ച സിദ്ധന്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പയ്യനെടം തോട്ടാശ്ശേരി സ്വദേശിനിയായ ആയിഷയെന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ രണ്ട് തവണയായി 82 ലക്ഷം രൂപ വെട്ടിച്ചത്.

ആയിഷയുടെ വീട്ടില്‍ നിധിയുണ്ടെന്നും ചില കര്‍മ്മങ്ങള്‍ നടത്തിയാല്‍ നിധിയിരിക്കുന്ന സ്ഥലം കാണിച്ചു തരാമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. ഇതിലേക്കായി വന്‍തുക ആവശ്യമാണെന്നും ഇയാള്‍ ആയിഷയെ ബോധ്യപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റ് 7ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണം വിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷവും ഇയാള്‍ക്ക് കൈമാറിയതായി ആയിഷ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 4 കോടിയുടെ ഡയമണ്ടാണെന്ന് വ്യക്തമാക്കി ഒരു കല്ല് ആയിഷയ്ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഈ കല്ല് വ്യാജമാണെന്ന് മനസിലാക്കിയ ആയിഷ സിദ്ധനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തിന്റെ നാല് ചെക്കുകള്‍ ഇയാള്‍ ആയിഷയ്ക്ക് കൈമാറി. ഇത് മാറാനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.