അമ്പലപ്പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ രമ(63)യെ ഭർത്താവ് ശശി(66) കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിലാണ് രമയെ കണ്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശശിയെ പോലീസ് പ്രതിയെന്ന് സംശയിച്ചത്. പിന്നീട് ഇയാളുടെ പ്രവർത്തികളിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചുകിടക്കുന്നതു കണ്ടെന്നായിരുന്നു ശശിയുടെ മൊഴി.

എന്നാൽ, അന്നു രാവിലെ 9.45-ന് രമയെ അനുജത്തി സുശീല ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു പെരുമാറ്റം. പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോൺ കട്ടായി. ഭയം തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിൽ കൈകൾ കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

തലയിലെ മുറിവുണ്ടായതെങ്ങനെ എന്ന് കണ്ടെത്താനായി ശശിയെയും മകൻ ശരത്തിനെയും ചോദ്യംചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.

ശശിയെ ചോദ്യംചെയ്തപ്പോൾ തറയിൽ തെന്നിവീണെന്നും തറയിൽ കിടന്നെന്നും കട്ടിലിൽ കിടന്നെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് ശശിയുടെ മുൻകാലരീതികൾ പോലീസ് പരിശോധിച്ചു. പിന്നീട് ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി.

മുറിവുകൾ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടർ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാർക്കിൻസണിനും ചികിത്സയിലാണ്. പാർക്കിൻസൺ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയിൽ കൈകൊണ്ട് ശക്തിയായി ഇടിച്ചാൽ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകൾ പോലീസ് കണ്ടെത്തി. ഇയാൾ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയൽവാസികളും ബന്ധുക്കളും പോലീസിൽ മൊഴിനൽകി.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കൽ കോളേജ് ഫൊറൻസിക് സർജൻ ഡോ. സ്നേഹൽ അശോകും ഉണ്ടായിരുന്നു. ഡിവൈഎസ്പി ബിജു വി നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്‌ഐ മാരായ ടോൾസൻ പി ജോസഫ്, ബൈജു, സിപിഒമാരായ എംകെ വിനിൽ, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.