എരുമേലി: വിശപ്പ് സഹിക്കാനാവാതെ തമിഴ്‌നാട് സ്വദേശി മണ്ണ് ഭക്ഷണമാക്കി. എരുമേലിയിലാണ് സംഭവം. വഴിയരികില്‍ നിന്ന് മണ്ണ് വാരി ഭക്ഷിക്കുന്ന ഇയാളെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു മറുപടി ലഭിച്ചു. ഇത് കേട്ടയുടന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി(53)ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കി.

കൈയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും ഗുരുസ്വാമി നാട്ടുകാരോട് പറഞ്ഞു. മണ്ണ് വാരി തിന്നാന്‍ ശ്രമിച്ച ഗുരുസ്വാമിയെ തടഞ്ഞത് സമീപത്തെ എരുമേലി എ.ആര്‍. ഫൈനാന്‍സ് ജീവനക്കാരനായ റെജിയാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ ശബരിമലയില്‍ ജോലി തേടിയെത്തുന്നത്. ശബരിമലയുടെ സമീപത്ത് ഒരു ജോലി ലഭിച്ചെങ്കിലും ശമ്പളമൊന്നും ലഭിച്ചില്ല.

കൈയിലുണ്ടായിരുന്ന കൈയിലുണ്ടായിരുന്ന കാശിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. പണമില്ലെങ്കിലും ആളുകളോട് യാചിക്കാന്‍ ഗുരുസ്വാമി തയ്യാറായില്ല. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചത്. വഴിച്ചെലവിനായുള്ള പണവും നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി.