പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപ തട്ടിയെടുത്ത വള്ളിക്കോട് സ്വദേശിയെ തേടി മുബൈ സ്വദേശിനി പത്തനംതിട്ടയിൽ. മുംബൈ കല്യാണ് സ്വദേശി അശ്വിന്ദർ കൗർ കക്കഡാ(38)ണ് വിവാഹം കഴിച്ചശേഷം മുങ്ങിയ ആളെതേടി പത്തനംതിട്ടയിലെത്തിയത്. വള്ളിക്കോട് തൃപ്പാറ കൊച്ചുപുത്തൻപറന്പിൽ വീട്ടിൽ രാജ് നായർ എന്ന ഷൈൻ മോൻ കുറുപ്പിനെതിരെയാണ് പരാതിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
പോലീസിനു പരാതി നൽകി പത്തനംതിട്ടയിലെ മഹിളാമന്ദിരത്തിൽ കാത്തിരിക്കുകയാണ് അശ്വിന്ദർ. 2011 ൽ ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാൻ വലിയ താമസം വേണ്ടിവന്നില്ല. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടമായി. സ്വന്തം പണം ചെലവഴിച്ച് അയാളുടെ ആവശ്യങ്ങൾ അശ്വിന്ദർ നിറവേറ്റി പോന്നു. കൂടാതെ വള്ളിക്കോട്ട് വീട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് അശ്വിന്ദറിനെ കൊണ്ട് അഞ്ചു ലക്ഷം വായ്പയും എടുപ്പിച്ചു. ഭാര്യാഭർത്താക്കന്മാരെപ്പോലെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഇവർ 2014 ൽ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി.
തുടർന്ന് 2014 ഒക്ടോബർ 12ന് വള്ളിക്കോട്ടെ രാജ് നായരുടെ വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം തേടി. തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടും എതിർപ്പുകൾ ഒന്നുംതന്നെ ഉണ്ടായില്ലെന്ന് അശ്വിന്ദർ പറഞ്ഞു. 15 ദിവസം ഇവർ വള്ളിക്കോട്ടെ വീട്ടിൽ താമസിച്ചു. പിന്നീട് ഇടയ്ക്ക് അകന്നു താമസിച്ചെങ്കിലും 2016 ജനുവരി 15ന് മുംബൈയിലെത്തി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം തന്നെ രാജ് വിവാഹം കഴിച്ചതായി അശ്വിന്ദർ പറയുന്നു.
ഒക്ടോബർ വരെ ഇരുവരും മുംബൈയിലായിരുന്നു. തിരികെ നാട്ടിൽപോയ ശേഷം രാജിനെക്കുറിച്ച് വിവരമുണ്ടായില്ല. തിരക്കി വള്ളിക്കോട്ടെ വീട്ടിലെത്തിയപ്പോൾ അയാളുടെ മാതാപിതാക്കൾ തന്നെ അകറ്റാനാണ് ശ്രമിച്ചതെന്ന് അശ്വിന്ദർ പറഞ്ഞു. 30 ലക്ഷം രൂപയും 50 പവനും ഇവർ ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് തന്നെ ഇവർ പിടിച്ചിറക്കിവിട്ടു. തുടർന്നാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. ഇതിനിടെ രാജ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും തനിക്ക് അറിവുണ്ടെന്ന് അശ്വിന്ദർ പറഞ്ഞു.
Leave a Reply