ജയലളിതയുടെ മരണശേഷം മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തി. താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത് ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ്.
താന്‍ ജയലളിതയുടെ ഏക മകനാണെന്നും ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്നും കൃഷ്ണമൂർത്തി പറയുന്നു. താൻ 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു. നാലു ദിവസം ജയളിതയോടൊപ്പം താന്‍ താമസിച്ചിരുന്നു. ലോകത്തിനു മുന്നില്‍ താന്‍ മകനാണെന്ന കാര്യം വെളിപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയലളിതയും ശശികലയും തമ്മില്‍ വാക്കേറ്റം നടക്കുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തു. പടികള്‍ക്കു മുകളില്‍നിന്ന് താഴെവീണാണ് ജയലളിതയ്ക്ക് പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു.
ഈ കാര്യങ്ങള്‍ പേടി മൂലമാണ് താന്‍ മുന്‍പ് പുറത്തു പറയാതിരുന്നത്. എന്നാല്‍ പിന്നീട് താന്‍ ധൈര്യം സംഭരിക്കുകയും സത്യം വെളിപ്പെടുത്താന്‍ തയ്യാറാവുകയുമായിരുന്നു. ജയലളിതയുടെ ഏക മകനായ താനാണ് അവരുടെ സ്വത്തുവകകളുടെയെല്ലാം അവകാശിയെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.