ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച്370യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വിമാനാപകടങ്ങളേക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തുന്നയാള്‍. ഓസ്‌ട്രേലിയന്‍ സ്വദേശിയായ അമച്വര്‍ ക്രാഷ് ഇന്‍വസെ്റ്റിഗേറ്റര്‍ പീറ്റര്‍ മക്മഹോന്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് 64 കാരനായ മക്മഹോന്‍ വ്യക്തമാക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന മക്മഹോന്‍ കഴിഞ്ഞ 25 വര്‍ഷമായി ക്രാഷ് ഇന്‍വസ്റ്റിഗേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
ഗൂഗിള്‍ മാപ്പും നാസ ചിത്രങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ മൗറിഷ്യസിന് സമീപത്തായുള്ള റൗണ്ട് ഐലന്‍ഡ് എന്ന ചെറുദ്വീപിന് 10 മൈല്‍ അകലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ നടത്തിയ തെരച്ചിലില്‍ ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. വിമാനത്തിന്റെ വാലിന്റെ ഭാഗങ്ങളും ചിറകും സമുദ്ര നിരപ്പില്‍ കാണാമെന്ന് മക്മഹോന്‍ അവകാശപ്പെടുന്നു. തന്റെ കണ്ടെത്തലുകള്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സേഫ്റ്റി ബ്യൂറോയ്ക്ക് കൈമാറിയതായും അവര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചതായും മക്മഹോന്‍ പറയുന്നു.
എന്നാല്‍ വിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചില്‍ നടത്തുന്ന പ്രദേശത്തു തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരച്ചിലിന് മേല്‍നോട്ടം വഹിക്കാന്‍ നാല് അമേരിക്കക്കാരാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ളത്. അധികൃതര്‍ക്ക് വിമാനം കണ്ടെത്തിയ വിവരം പുറത്തു വിടാന്‍ താല്‍പര്യമില്ല. വിമാനത്തിലാകമാനം ബുള്ളറ്റുകള്‍ തറഞ്ഞുകയറിയ പാടുകളാണുള്ളത്. അത് മറ്റൊരു അന്വേഷണത്തിലേക്ക് വഴിതുറക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് മക്മഹോന്‍ ആരോപിക്കുന്നു.
2014 മാര്‍ച്ച് 8നാണ് ക്വലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായി ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച്370 കാണാതാവുന്നത്. മാസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷവും വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായില്ല. ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയോടെ അവസാനിപ്പിച്ചിരുന്നു. ഉള്‍ക്കടലില്‍ നടത്തിയ തെരച്ചിലിന് ഏതാണ്ട് 115 മില്ല്യണ്‍ പൗണ്ടാണ് ചെലവഴിച്ചത്. വിമാനത്തിന്റെ തിരോധാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്.
Leave a Reply