ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലണ്ടൻ മാരത്തോൺ മത്സരത്തിനിടെ കുഴഞ്ഞുവീണ മുപത്തിയാറുകാരനായ യുവാവ് മരണപ്പെട്ടതായി സംഘാടകർ അറിയിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള യുവാവ് 26.2 മൈൽ ദൂരമുള്ള മത്സരത്തിന്റെ 23 മൈൽ ദൂരത്തോളം പങ്കെടുത്ത ശേഷമാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തോടുള്ള എല്ലാവിധ ദുഃഖവും അറിയിക്കുന്നതായി ലണ്ടൻ മാരത്തോൺ ഇവന്റസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ യുവാവിന്റെ കുടുംബത്തിന് താല്പര്യമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയിക്കുന്നില്ല എന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണത്തെ സംബന്ധിച്ച് വ്യക്തത ഉണ്ടാവാനായി കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഗ്രീൻവിച്ചിൽ നിന്നും മാൾ വരെ 26.2 മൈൽ ദൂരമാണ് മാരത്തോൺ മത്സരം നടന്നത്. ഏകദേശം 40,000 ത്തോളം ആളുകൾ ഈ മത്സരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. രണ്ടു മണിക്കൂർ നാലു മിനിറ്റ് 39 സെക്കൻഡിൽ പൂർത്തീകരിച്ച കെനിയയുടെ ആമോസ് കിപുർതൊ ആണ് വിജയിയായത്.
Leave a Reply