ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത 27 കാരനായ ഒരാൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മരണമടഞ്ഞു . ബുധനാഴ്ച ടെർമിനൽ 2-ൽ സുരക്ഷ പരിശോധനയിലൂടെ കടന്നു പോകുമ്പോൾ അസാധാരണമായ പെരുമാറ്റം കാണിച്ചതിന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പോലീസ് വാച്ച്ഡോഗ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനോട് അനുബന്ധിച്ച് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിനെ തുടർന്ന് ഇദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം കൂടുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇയാളുടെ മരണത്തെ കുറിച്ച് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് ( ഐ ഒ പി സി ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തെ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണയ്ക്കുകയും അന്വേഷണ പുരോഗതിയെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . ഇയാൾക്ക് എന്തായിരുന്നു അസുഖമെന്നോ മരണകാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കസ്റ്റഡിയിൽ എടുത്തശേഷം ആരെങ്കിലും മരിക്കുകയാണെങ്കിൽ അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് ഐഒപിസിയുടെ ഡയറക്ടർ അമാൻഡ റോവ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply