വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വളര്‍ത്തുനായയെ മോഷ്ടിക്കാന്‍ ആയുധങ്ങളുമായി എത്തിയയാള്‍ അറസ്റ്റിലായി. ഒരു പിക് അപ് വാനില്‍ ആയുധങ്ങളുമായാണ് ഇയാള്‍ എത്തിയതെന്ന് അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സ്‌കോട്ട് ഡി. സ്‌റ്റോകെര്‍ട്ട് എന്ന ഡിക്കിന്‍സണ്‍ സ്വദേശിയായ 49കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഉദ്യോഗസ്ഥരോട് പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. താന്‍ യേശുക്രിസ്തുവാണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. പിന്നീട് താന്‍ ജോണ്‍ എഫ്. കെന്നഡിയുടെയും മര്‍ലിന്‍ മണ്‍റോയുടെയും മകനാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ പോകുകയാണെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഒബാമയുടെ പ്രിയ വളര്‍ത്തുനായ്ക്കളായ ബോ യെയോ സണ്ണിയെയോ തട്ടിക്കൊണ്ടുപോകാനാണ് ഇവിടെ എത്തിയതെന്നും അയാല്‍ വെളിപ്പെടുത്തി. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. സ്റ്റോക്കെര്‍ട്ട് തന്റെ പിക് അപ് വാനില്‍ നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് വാഷിംഗ്ടണിലേക്കും വരികയായിരുന്നു. ഹാംപ്ടണില്‍ അയാള്‍ താമസിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റോക്കേര്‍ട്ട് എത്തിയ ട്രക്കിന്റെ പിന്‍സീറ്റിനടിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി. തോക്കുകള്‍ കൈവശം വയ്ക്കാനുളള ലൈസന്‍സ് ഇയാള്‍ക്ക് ഇല്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. 350 റൗണ്ട് വെടിവയ്ക്കാനാവശ്യമായ തിരകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പൊലീസ് മേല്‍നോട്ടത്തില്‍ ഇയാളെ വിട്ടയക്കാമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളിത്തോക്കുകള്‍ പോലും വിലക്കിയിരിക്കുകയാണ്. വാഷിംഗ്ടണില്‍ പ്രവേശിക്കുന്നതിനും ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.