ഓക്‌സ്‌ഫോർഡ്: യുകെയിലെ കൊറോണ വൈറസിന്റെ വ്യാപന നിരക്കിന്റെ വളർച്ചയുടെ ഗ്രാഫ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയെന്ന വാർത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പ്രഖ്യപിച്ചിരുന്നു. യുകെയിലെ മലയാളി ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അശ്വാസവാർത്ത ആയിരുന്നു. എന്നാൽ ആ ആശ്വാസത്തിന് അൽപായുസ് മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് യുകെ മലയാളികളെ തേടി ഓക്സ്ഫോർഡ് നിന്നും മലയാളി നഴ്‌സിന്റെ മരണ വാർത്ത എത്തിയിരിക്കുന്നു.

മോനിപ്പിള്ളി സ്വദേശിയായ ഫിലോമിനയാണ് (62 ) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് പരേതയായ ഫിലോമിന. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വെളുപ്പിന് 2.30നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. പതിനഞ്ച് ദിവസോളമായി വെന്റിലേറ്ററില്‍ ആയിരുന്നു ഫിലോമിന. രണ്ട് ദിവസം മുൻപാണ് നേഴ്‌സായ വെളിയന്നൂർ സ്വദേശി അനൂജ് കുമാർ ലെസ്റ്ററിലെ ആശുപത്രിയിൽ മരണപ്പെടുന്നത്.

മൂന്ന് മക്കളാണ് പരേതയായ ഫിലോമിനക്കു ഉള്ളത്. ഇവരിൽ ജെറില്‍ ജോസഫ് ഒപ്പം ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ഇപ്പോൾ ആണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആംബുലേറ്ററി അസസ്‌മെന്റ് യൂണിറ്റില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് ജോസഫ് ഒപ്പം ഉണ്ട്. ഇതോടെ യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇരട്ട അക്കത്തിലെത്തിയിരിക്കുകായാണ്.

എന്നിരുന്നാലും ഇപ്പോഴും ഒരുപിടി മലയാളികൾ കോവിഡ് ബന്ധിച്ചു ചികിത്സയിൽ ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന മരണങ്ങൾ യുകെയിലെ മലയാളികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എങ്കിലും യുകെയിലെ മരണനിരക്ക് കുറഞ്ഞത് ഒരൽപം ആശ്വാസം നൽകുന്നു. ഇന്നലെ യുകെയിലെ ഹോസ്പിറ്റലുകളിലെ  മരണം 674 ആയിരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 26,771 ൽ എത്തുകയും ചെയ്‌തു.

ഫിലോമിനയുടെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.