കാമുകിമാരിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയബന്ധം സൂക്ഷിച്ച യുവാവാണ് കർണാടകയിലെ സോമേശ്വറിൽ വെള്ളിയാഴ്ച മരിച്ചത്. ദക്ഷിണ കന്നഡയിലെ എളിയാർപടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസയാണ് മരിച്ചത്.
തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നപരിഹാരത്തിനായാണ് കാമുകിമാരെ ലോയ്ഡ് സോമേശ്വറിലെ കടൽതീരത്തേക്ക് ക്ഷണിച്ചത്. യുവാവ് മറ്റൊരാളെ പ്രണയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരാൾ വഴക്കിട്ടു. തൊട്ടുപിന്നാലെ അവൾ കടലിലേക്ക് എടുത്തുചാടി. ഇതോടെ ലോയ്ഡ് യുവതിയെ രക്ഷിക്കാനായി പിന്നാലെ ചാടി.
യുവതിയെ രക്ഷിക്കാനായെങ്കിലും ഒഴുക്കിൽപെട്ട ലോയ്ഡിന്റെ തല പാറക്കൂട്ടത്തിലിടിച്ചു. ഓടിക്കൂടിയവർ യുവാവിനെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് വ്യാപനത്തെ തുടർന്നാണ് കർണാടകയിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് യുവതികളുമായി പരിചയത്തിലാകുന്നത്. ഒരാളുമായി ബന്ധം തുടരുന്ന സമയത്ത് തന്നെ രണ്ടാമത്തെയാളുമായി പ്രണയത്തിലാകുകയായിരുന്നു.
Leave a Reply