കൊച്ചി: അപകടത്തില്‍പ്പെട്ട് നിസഹായാവസ്ഥയില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നവരെ കുറ്റം പറയാന്‍ മലയാളി എന്നും മുന്നിലുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ അങ്ങനെയൊരു സംഭവമുണ്ടായാല്‍ തിരിഞ്ഞുനോക്കാതെ പോകുന്നതില്‍ മലയാളിയും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പദ്മ ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ തൃപ്രയാര്‍ സ്വദേശി സജി ആന്റോ (46) എന്നയാള്‍ക്കാണ് ദുരനുഭവം നേരിടേണ്ട് വന്നത്. വഴിയാത്രക്കാര്‍ പലരും ഇയാളെ കടന്നു പോയപ്പോള്‍ ചിലര്‍ നോക്കി നിന്നതല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനോ സഹായിക്കാനോ തയ്യാറായില്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വഴിയാത്രക്കാരിയായ ഹൈക്കോടതി അഭിഭാഷക, രഞ്ജിനിയാണ് ഒടുവില്‍ ഇയാള്‍ക്ക് സഹായമായത്. ഇവര്‍ പലരെയും സഹായത്തിന് വിളിച്ചെങ്കിലും ആരും മുന്നോട്ടു വരാന്‍ തയ്യാറായില്ല. പിന്നീട് ഒരു വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവമുണ്ടായത്. പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നാണ് ഇയാള്‍ വീണത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ തട്ടി ഇയാള്‍ താഴെ വീഴുന്നതും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ പിന്നിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒട്ടേറെയാളുകള്‍ സമീപത്തുണ്ടായിരുന്നിട്ടും ആരും സഹായത്തിന് മുന്നോട്ടു വരാന്‍ തയ്യാറായില്ല.
അതേസമയം, സജി ഏറെ നേരം റോഡില്‍ കിടന്നില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പെട്ടെന്നുണ്ടായ സംഭവത്തില്‍ ആളുകള്‍ പ്രതികരിക്കാന്‍ വൈകിയതാണ്. അധികം വൈകാതെതന്നെ അഭിഭാഷക രക്ഷക്കെത്തിയിരുന്നുവെന്നും പോലീസ് സംഘം എത്തുന്നതിനു മുമ്പുതന്നെ സജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
Leave a Reply