കോടികൾ മൂല്യമുള്ള അത്യപൂർവ ആഡംബര വാച്ചുമായി യുവാവ് മുംബൈയിൽ പിടിയിൽ. ബാങ്കോക്കിൽനിന്നെത്തിയ വിലെ പാർലെ സ്വദേശി കവിൻകുമാർ മേത്തയെ (24) ആണു ‌കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. സംശയം തോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണു വാച്ച് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

അമേരിക്കൻ ആഡംബര ബ്രാൻഡ് ജേക്കബ് ആൻഡ് കോ നിർമിക്കുന്ന അസ്ട്രോണോമിയ സോളാർ സോഡിയാക് എന്ന ലിമിറ്റഡ് എഡിഷൻ വാച്ചാണു കവിന്റെ കയ്യിലുണ്ടായിരുന്നത്. പ്രാഥമിക നിഗമനത്തിൽ 1.8 കോടി രൂപയാണു കസ്റ്റംസ് കണക്കാക്കിയത്. കള്ളക്കടത്തിന് അറസ്റ്റിലായ കവിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മറ്റാർക്കോ വേണ്ടി കൊണ്ടുവന്ന വാച്ച് നികുതിയൊടുക്കാതെ വിമാനത്താവളത്തിനു പുറത്തെത്തിക്കാനാണു കവിൻ ശ്രമിച്ചതെന്നാണു കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലയേറിയ രത്നക്കല്ലുകളാൽ സൗരയൂഥത്തിന്റെ മാതൃകയിലാണു വാച്ചിന്റെ ഡയൽ നിർമിച്ചിട്ടുള്ളത്. പച്ചകലര്‍ന്ന മഞ്ഞനിറമുള്ള ക്വാർട്സ് ആണു സൂര്യന്റേത്. ബുധനു വൈറ്റ് ഗ്രാനൈറ്റ്, ശുക്രനു റോഡോനൈറ്റ്, ചൊവ്വയ്ക്കു ചുവന്ന സൂര്യകാന്തക്കല്ല്, വ്യാഴത്തിനു പിയറ്റർസൈറ്റ്, ശനിക്കു ടൈഗർ ഐ, യുറാനസിനു ബ്ലൂ കാൽസൈറ്റ് തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു. വാച്ചുമായി ഡീലർമാരെ സമീപിച്ചപ്പോഴാണു യഥാർഥ വില അറിയുന്നത്. ഡോളർ രൂപയാക്കി മാറ്റുമ്പോഴുള്ളതും 18 ശതമാനം ജിഎസ്ടിയും ചേരുമ്പോൾ ഇന്ത്യയിൽ ഈ വാച്ചിന്റെ മൂല്യം 2.7 കോടിയാകുമെന്ന് അധികൃതർ അറിയിച്ചു.