ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർഡിഫ് : സ്നേഹത്തിനെന്തു പ്രായം? വിവാഹത്തിനെന്തു പ്രായം? ഇതിനൊന്നും പ്രായമൊരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് 95 കാരനായ ജൂലിയാൻ മോയ്ലെ. തന്റെ 72 ആം വയസ്സിൽ ബ്രിട്ടനിലെ കാർഡിഫ് കാന്റണിലെ കാൽവരി ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചാണ് വാലറി വില്യംസിനെ ജൂലിയാൻ കാണുന്നത്. 61 വയസ്സായിരുന്നു അന്ന് വാലറിക്ക്. 23 വർഷം ഇരുവരും സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോയ്ലെ തന്റെ പ്രണയം വാലറിയെ അറിയിച്ചത്. ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വെച്ച് മെയ് 19 വ്യാഴാഴ്ച ഇരുവരും വിവാഹിതരായി. 95ആം വയസ്സിൽ ജൂലിയാന്റെ ആദ്യവിവാഹമാണിത്. വാലറിക്കിപ്പോൾ 84 വയസ്സ്.

തന്റെ ജീവിതത്തിലെ പുതുവത്സരദിനമെന്നാണ് വിവാഹദിവസത്തെ വാലറി വിശേഷിപ്പിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നാല്പതു പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിൽ ജനിച്ച ജൂലിയൻ 1954-ലാണ് വെയിൽസിലേക്ക് കുടിയേറിയത്. 1970 മുതൽ 1982 വരെ വെൽഷ് നാഷണൽ ഓപ്പറയിലെ സോളോയിസ്റ്റായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ദീർഘനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് വാലറി പറഞ്ഞു.

വാലറിക്കൊപ്പമുള്ള ജീവിതത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ജൂലിയാനും പറയുന്നു. മധുവിധുവിനായി ജൂലിയാന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കു പോകുമെന്നും ദമ്പതിമാർ പറഞ്ഞു.