വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഒഴിവാക്കാനും സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമായി പൈലറ്റിന്റെ വേഷം കെട്ടിയ ആൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. രാജൻ മഹ്ബൂബാനിയെന്ന നാൽപ്പത്തിയെട്ടുകാരനാണു സുരക്ഷാ പരിശോധന ഒഴിവാക്കാൻ ജർമൻ എയർലൈൻസായ ലുഫ്താൻസയുടെ പൈലറ്റായി ആൾമാറാട്ടം നടത്തിയത്.

കൺസൾട്ടൻസി കമ്പനി ഉടമയായ രാജൻ രണ്ടു വർഷമായി ബാങ്‌കോക്കിൽനിന്നുള്ള പൈലറ്റായി ആൾമാറാട്ടം നടത്തി വിമാനത്തിൽ യാത്ര ചെയ്യുന്നു. വ്യാജ ഐഡി കാർഡ് ഇയാളിൽനിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്ന് വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.

വസന്ത് കുഞ്ച് സ്വദേശിയായ രാജൻ മഹ്ബൂബാനി തുടക്കത്തിൽ സ്വകാര്യ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് കോർപറേറ്റുകൾക്ക് പരിശീലനവും കൺസൾട്ടേഷനും നൽകുന്ന സ്ഥാപനം സ്വന്തമായി ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

“തിങ്കളാഴ്ച കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറാനിരിക്കെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ലുഫ്താൻസ എയർലൈൻസിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ (സി‌എസ്‌ഒ) ഇയാളെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിന്റെ പുറപ്പെടൽ ഗേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് വ്യാജ ഐഡി കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“വ്യോമയാന മേഖലയെക്കുറിച്ച് താൻ യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാറുള്ളതായും ബാങ്കോക്കിൽനിന്നു ലുഫ്താൻസ വ്യാജ ഐഡി കാർഡ് നേടിയതായും മഹ്ബൂബാനി വെളിപ്പെടുത്തി. യൂണിഫോം ധരിക്കാനും അവയിൽ ഫോട്ടോയെടുക്കാനും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ആർമി കേണൽ ആയി പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫോണിൽ ഉണ്ട്. ടിക്ക് ടോക്കിൽ വ്യത്യസ്ത യൂണിഫോം ധരിച്ച വീഡിയോകളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്,” ഡിസിപി കൂട്ടിച്ചേർത്തു.

സുരക്ഷാ പരിശോധന സമയത്ത് വേഗത്തിൽ അകത്തേക്ക് പ്രവേശിക്കാനും വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമുള്ള മാർഗമായാണ് താൻ ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഹ്ബൂബാനി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

വിമാനത്തിൽ കയറാൻ എയർലൈൻ അംഗങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ അദ്ദേഹം പ്രവേശിക്കുമായിരുന്നു. കൂടുതൽ പരിഗണന ലഭിക്കാനായി അദ്ദേഹം പൈലറ്റായി വേഷമിടും. ഇതുവഴി രാജൻ മഹ്ബൂബാനി തന്റെ സീറ്റ് അപ്ഗ്രേഡ് ചെയ്യാറുമുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഇയാൾ പലയിടങ്ങളിലും പോയിട്ടുണ്ട്,”ഭാട്ടിയ കൂട്ടിച്ചേർത്തു.