ഗുരുവായൂർ ∙ സ്ത്രീസുഹൃത്തുമായി കിഴക്കേനടയിലെ ലോഡ്ജിൽ താമസിച്ചിരുന്നയാൾ സ്ത്രീയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനത്തെ തുടർന്നു മരിച്ചു. പാവറട്ടി മരുതയൂർ അമ്പാടി വീട്ടിൽ ജയരാമന്റെ മകൻ സന്തോഷാണ് (43) ശനി രാത്രി മരിച്ചത്. 23നു രാത്രി ഏഴരയോടെ കിഴക്കേനടയിലെ ലോഡ്ജിനു മുന്നിലാണു മർദനമേറ്റത്. സംഭവത്തെ തുടർന്നു സ്ത്രീയുടെ ഭർത്താവ് എരുമപ്പെട്ടി നെല്ലുവായിൽ താമസിക്കുന്ന മുതുവട്ടൂർ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടിക്കൽ പാണ്ടികശാലവളപ്പിൽ മഹേഷ് (32) എന്നിവരെ കൊലപാതക ശ്രമത്തിനു 24നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.
കൂലിപ്പണിക്കാരനായ ദിനേഷും ചെറുകിട കച്ചവടക്കാരനായ സന്തോഷും പരിചയക്കാരായിരുന്നു. ദിനേഷിന്റെ ഭാര്യ ജോലിക്കായി വീട്ടിൽനിന്നു പോയിട്ടു രണ്ടാഴ്ചയായി. ഗുരുവായൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ദിനേഷും ബന്ധുക്കളും ഇവർ താമസിച്ച ലോഡ്ജിലെത്തി. ബഹളമുണ്ടായതിനെ തുടർന്ന് ഇവരെ ലോഡ്ജിൽനിന്നു പുറത്താക്കി. തുടർന്നു റോഡിൽ വച്ചു ബഹളവും അടിപിടിയുമുണ്ടായി. തലയ്ക്കു പരുക്കേറ്റ സന്തോഷ് ബോധരഹിതനായി.
ആക്ട്സ് പ്രവർത്തകർ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടർന്നു തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പൊലീസിനു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ടു പുരുഷൻമാരും രണ്ടു സ്ത്രീകളും രണ്ടു കൗമാരക്കാരുമുണ്ടായിരുന്നതായി അറിയുന്നു. സന്തോഷ് മരിച്ചതിനെ തുടർന്നു പ്രതികൾക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. രണ്ടു പേർക്കെതിരെ കൂടി കേസ് എടുക്കും. സിഐ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു.
	
		

      
      



              
              
              




            
Leave a Reply