മുണ്ടക്കയം കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും കാർഷിക വികസന സമിതിയുടെയും സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കർഷക ദിനം ആഘോഷിച്ചു. തങ്ങളുടെ കൃഷി രീതിയിൽ മേന്മയും വ്യത്യസ്തതയും സമർപ്പണവും പ്രകടിപ്പിച്ച 12 കർഷകരെ ആദരിക്കുന്ന ചടങ്ങ് ആയിരുന്നു കർഷകദിനത്തെ വ്യത്യസ്തമാക്കിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച്  മുണ്ടക്കയം പഞ്ചായത്തിലെ മുതിർന്ന കർഷകനായ കെ. കെ. രാമൻ പിള്ള കൊച്ചു മാടശ്ശേരിയിലിന്റെ അധ്യക്ഷതയിൽ നടന്ന  ചടങ്ങിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ സെബാസ്റ്റ്യൻ മാത്യു സ്വാഗതവും, കൃഷി ഓഫീസർ ഇൻ ചാർജ് അർദ്ര ആൻ പോൾ മുഖ്യപ്രഭാഷണവും കൃഷി അസിസ്റ്റന്റ് ശ്രീ ഷിബു വി. കെ നന്ദിയും പറഞ്ഞു.

മായ കുഞ്ഞുമോൾ തൈപറമ്പിൽ , ബിന്ദു പ്രഭ , അച്ചാമ്മ തോമസ് തെക്കേപറമ്പിൽ ,കെ. വി. ജോസഫ് കുരിശൂപറമ്പിൽ , വിജയൻ എസ്. ജി. സ്രമ്പിക്കൽ , പി. എം. ഇബ്രാഹിം , പി. എം. സെബാസ്റ്റ്യൻ. പൊട്ടനാനിയിൽ, ജെസ്സി ജോസഫ് ,ദേവസ്യ തോമസ് പാറയിൽ , കെ. റ്റി. തോമസ് കാരയ്ക്കാട്ട് ,ടി. ജെ. ജോൺസൻ താന്നിക്കൽ , മാസ്റ്റർ സൂര്യ ദേവ് ചൗവ്ക്കത്തറ എന്നീ 12 കർഷകരെ പൊന്നാടയും, മൊമെന്റോയും നൽകി ആദരിച്ചു .

കൃഷി ഓഫീസർ ഇൻ ചാർജ് അർദ്ര ആൻ പോൾ  നയിച്ച കാർഷിക സെമിനാർ വിജ്ഞാനപ്രദമായിരുന്നു.സ്വന്തമായി പച്ചക്കറികൾ നട്ടുവളർത്തുന്നതിനെ കുറിച്ചും ഓഫീസ് ജോലികൾക്കും എത്ര തിരക്കുള്ളവർക്കും കുറച്ചു മണിക്കൂർ മാറ്റിവയ്ക്കുകയാണെങ്കിൽ പച്ചക്കറി വിളയിക്കാനുമുള്ള വഴികളെ കുറിച്ചും വള പ്രയോഗത്തിന്റെ രീതികളെ പറ്റിയും   കർഷക സെമിനാറിൽ കൃഷി ഓഫീസർ ഇൻ ചാർജ് ആർദ്ര ആൻ പോൾ വിശദമായി വിവരിച്ചു.

മുതിർന്ന കർഷകർ തങ്ങളുടെ അനുഭവ സമ്പത്ത് പങ്കുവെച്ചത് വേറിട്ട അനുഭവമായി. ആദരം ലഭിച്ച മിക്ക കർഷകരും തങ്ങളുടെ അനുഭവ പരിചയം കൊണ്ട് തനതായ കൃഷി രീതികൾ വികസിപ്പിച്ചെടുത്തവരാണ് . മികച്ച കർഷകരിലൊരാളായി തിരഞ്ഞെടുത്ത കെ.റ്റി . തോമസ് കാരയ്ക്കാട്ട് കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് അത്യുൽപാദനശേഷിയുള്ള വിത്തുകൾ കണ്ടെത്തിയാണ് തൻറെ കൃഷി രീതികളിൽ വ്യത്യസ്തത പുലർത്തുന്നത്. വിപണിയിൽ നിന്ന് മേടിക്കുന്ന വിഷമടിക്കുന്ന പച്ചക്കറികളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓഫീസ് സംബന്ധമായ ജോലി ചെയ്യുന്നവരെയും കൃഷിക്കായി സമയം കണ്ടെത്താനാകാത്തവരെയും ബോധവൽക്കരിക്കാനുള്ള പരിശ്രമം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തണമെന്ന് കെ.റ്റി. തോമസ് കാരയ്ക്കാട്ട് തന്റെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അഭിപ്രായപ്പെട്ടു.

പുരസ്കാരം ലഭിച്ച കർഷകരുടെ കൃഷി രീതികളെ കുറിച്ച് വിശദമായി തന്നെ ടി.ജെ ജോൺസൺതാന്നിക്കൽ  സദസ്സിനു പരിചയപ്പെടുത്തി. കർഷകർക്ക് പ്രയോജനപ്രദമായ വിവിധ വായ്പ പദ്ധതികളെ കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് , എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ പ്രതിനിധികൾ ക്ലാസുകൾ എടുത്തു.

കർഷക ദിനത്തിന് എത്തിയ എല്ലാ കർഷകർക്കും കുടുംബാംഗങ്ങൾക്കും സ്വാദിഷ്ടമായ ഓണസദ്യ ഒരുക്കിയിരുന്നു. ചിങ്ങം ഒന്നിന് പുതുവർഷ പുലരിയിൽ പരിപാടിക്ക് എത്തിച്ചേർന്ന എല്ലാ കർഷകർക്കും പച്ചക്കറി തൈയ്യും ജൈവവളവും തികച്ചും സൗജന്യമായി കൃഷിഭവന്റെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.