ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ലണ്ടന് സമീപമുള്ള ഹേയ്സിൽ പഞ്ചാബ് സ്വദേശിനിയായ 24-കാരി കിരൺദീപ് കൗർ വീട്ടിൽ കയറിയ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. ഭർത്താവിനും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ജൂലൈ 12-ന് പുലർച്ചെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 46-കാരനായ ഡാനിയൽ ഷോൺ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചാബിലെ തരൺതാരൻ ജില്ലയിലെ സ്വദേശിനിയായ കിരൺദീപ് ഒരു വർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി അനുമതി നേടി ഭർത്താവിനൊപ്പം ലണ്ടനിൽ താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. സംഭവദിവസം കറുത്ത വസ്ത്രം ധരിച്ച് വലിയ കത്തിയുമായി പ്രദേശത്ത് സഞ്ചരിച്ചിരുന്ന പ്രതി ആദ്യം വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇരുപത് വയസ്സുള്ള ഒരാളെ പിന്നിൽ നിന്ന് കുത്തിപ്പരിക്കേൽപ്പിച്ചെന്നും തുടർന്ന് കിരൺദീപിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നുവെന്നുമാണ് അന്വേഷണ വിവരം.

ഭാര്യയുടെ നിലവിളി കേട്ടുണർന്ന ഭർത്താവ് മുറിയിൽ നിന്ന് ഒരാൾ പുറത്തേക്കോടുന്നത് കണ്ടതായി മൊഴി നൽകി. ആക്രമണത്തിന് പിന്നാലെ ജനൽവഴി പുറത്തേക്ക് ചാടിയ പ്രതിയുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞതായി കോടതിയെ അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അൽപദൂരം പിന്നിട്ടപ്പോൾ ഇയാൾ വീണുകിടക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ കിരൺദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവതിക്കും പരിക്കേറ്റ മറ്റേയാളും പ്രതിക്ക് പരിചയമില്ലാത്തവരായിരുന്നുവെന്നും ആക്രമണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.