ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാമദാസ് ഗിരി(56)യെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ നിര്‍ദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാല്‍ കവര്‍ച്ചാശ്രമമോ മറ്റോ നടന്നിട്ടില്ലെന്നും വ്യക്തമായി. തുടര്‍ന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഈ അന്വേഷണമാണ് മുഹമ്മദ് ജിഷാനിലേക്കെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആള്‍ദൈവമായ രാമദാസ് ഗിരി ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകള്‍ പ്രവചിച്ചാണ് പ്രശസ്തി നേടിയിരുന്നത്. ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റുകളുടെ നമ്പറുകള്‍ ഇദ്ദേഹം കുറിച്ചുനല്‍കിയിരുന്നു. ഇങ്ങനെ നമ്പര്‍ കുറിച്ചുനല്‍കിയവരില്‍ ചിലര്‍ക്ക് വന്‍ സമ്മാനങ്ങള്‍ ലഭിച്ചതോടെ രാമദാസ് ഗിരിയുടെ പ്രശസ്തി വര്‍ധിച്ചു. ഭാഗ്യാന്വേഷികളായ ഒട്ടേറെപേര്‍ ഇദ്ദേഹത്തെ കാണാനെത്തുന്നതും പതിവായി. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്തെത്തിയത്.

51,000 രൂപയും മൊബൈല്‍ഫോണും ദക്ഷിണയായി നല്‍കിയാണ് രാമദാസ് ഗിരിയില്‍നിന്ന് ജിഷാന്‍ ഭാഗ്യനമ്പറുകള്‍ വാങ്ങിയത്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാന് ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇതോടെ കുപിതനായ ജിഷാന്‍ രാമദാസ് ഗിരിയെ വലിയ വടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് അറിയിച്ചു.