സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കൊല്ലം മുളങ്കാടകത്തെ സീരിയല്‍ നടിയുടെ വീട് ഏറെ ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. പിടിയിലായ നടിയുടെ അമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്ക് സമീപവാസികളുമായി യാതൊരു ബന്ധവുമില്ല.

സീരിയൽ നടിയായ മകൾ സൂര്യ ബെംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബെംഗളൂരുവിലായിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.

പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്. വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു.കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

എന്നാൽ ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.

ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന്‌ അന്വേഷണസംഘം പറയുന്നു. കള്ളനോട്ടടിക്കുന്ന ആധുനിക യന്ത്രമാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും അച്ചടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, പ്രിന്റർ മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് വീട്ടിൽ പരിശോധന നടത്തി രമാദേവിയെ കസ്റ്റഡിയിലെടുത്തത്.

നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. 57 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്

സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജു വഴിയാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനികളിലൊരാളായ ലിയോയെ രമാദേവി പരിചയപ്പെടുത്. കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.

ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.