മനുഷ്യരുടെ ലോകത്തെ ജീവിതം നിരാശപ്പെടുത്തുന്നതെന്ന് സ്പാനിഷ് മൗഗ്ലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍കോസ് റോഡ്രിഗെസ് പന്തോഹ. സിയെറ മോറേന മലനിരകളിലെ വനത്തില്‍ 12 വര്‍ഷത്തോളം മൃഗങ്ങള്‍ക്കൊപ്പം ജീവിച്ചയാളാണ് മാര്‍കോസ്. ഇപ്പോള്‍ 71 വയസുള്ള ഇദ്ദേഹം റെയ്‌ന്റേ എന്ന ഗ്രാമത്തിലാണ് കഴിയുന്നത്. വനത്തില്‍ നിന്ന് നാട്ടിലെത്തിയതോടെ തന്റെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. രാഷ്ട്രീയമോ ഫുട്‌ബോളോ എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്നെ പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് വനത്തിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ചെറുപ്പത്തില്‍ ചെന്നായകള്‍ക്കൊപ്പമായിരുന്നു മാര്‍കോസ് ജീവിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്നെ സഹോദരനായി അവര്‍ കാണുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഇപ്പോഴും ചെന്നായകളുടെയും മൃഗങ്ങളുടെയും ശബ്ദമുണ്ടാക്കാന്‍ മാര്‍കോസിന് കഴിയും. ഈ ശബ്ദങ്ങളോട് ചെന്നായകള്‍ പ്രതികരിക്കാറുണ്ടെങ്കിലും പഴയതുപോലെ അവ തന്നെ സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍ദോബ പ്രവിശ്യയില്‍ 1946ലാണ് മാര്‍കോസ് ജനിച്ചത്. മൂന്ന് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു നഗരത്തിലേക്ക് പുതിയ ജീവിതം തേടിപ്പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍കോസിനെ മറ്റൊരു കര്‍ഷകന് വിറ്റതിനു ശേഷമാണ് പിതാവ് പോയത്. മലനിരകളില്‍ ആടുമേക്കാനും മറ്റും ഇയാള്‍ മാര്‍കോസിനെ പഠിപ്പിച്ചു. പക്ഷേ മാര്‍കോസിന് 7 വയസുള്ളപ്പോള്‍ അയാള്‍ മരിച്ചു. മൃഗങ്ങള്‍ ഭക്ഷിച്ചതൊക്കെ താനും കഴിച്ചു. മൃഗങ്ങളുമായി കുഞ്ഞ് മാര്‍കോസ് ഒരു പ്രത്യേക ബന്ധം തന്നെ സ്ഥാപിച്ചു. ചെന്നായക്കുട്ടികള്‍ മാര്‍കോസുമായി കൂട്ടുകൂടി. അവര്‍ സഹോദരനെപ്പോലെ അവനെക്കരുതി. അമ്മച്ചെന്നായ അവനും ഭക്ഷണം തേടി നല്‍കി. ഒരു പാമ്പ് തന്റെയൊപ്പം കഴിഞ്ഞിരുന്നതായി മാര്‍കോസ് ഓര്‍ക്കുന്നു. ഗുഹക്കുള്ളില്‍ തനിക്കൊപ്പമായിരുന്നു അതിന്റെ വാസം. ആടുകളെ കറന്ന് അതിന് താന്‍ പാലുകൊടുക്കുകയും അതിന് കൂടൊരുക്കി നല്‍കുകയും ചെയ്തിരുന്നു.

19-ാമത്തെ വയസിലാണ് മാര്‍കോസിനെ അധികൃതര്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ ഗ്രാമത്തിലാണ് മാര്‍കോസ് പിന്നീട് കഴിഞ്ഞത്. അവിടെവെച്ച് മാര്‍കോസിന്റെ അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അച്ഛനെ കണ്ടപ്പോള്‍ തനിക്കൊന്നും തോന്നിയില്ല. നിന്റെ ജാക്കറ്റ് എവിടെയെന്നായിരുന്നു അയാള്‍ ചോദിച്ചതെന്ന് മാര്‍കോസ് ഓര്‍ക്കുന്നു. അന്ന് താമസിച്ച ഗുഹ ഇപ്പോള്‍ അവിടെയില്ല. ബംഗ്ലാവുകളും ഇല്ക്ട്രിക് ഗേറ്റുകളുമാണ് അവിടെ പകരം എത്തിയത്. സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ മാര്‍കോസ് ശ്രമിച്ചുനോക്കി. പക്ഷേ തന്റെ നിഷ്‌കളങ്കത ആളുകള്‍ ചൂഷണം ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. സ്ത്രീകളും സംഗീതവുമാണ് തന്നെ നാട്ടില്‍ പിടിച്ചു നിര്‍ത്തിയതെന്നാണ് മാര്‍കോസ് ബിബിസിയോട് പറഞ്ഞത്.