ബ്രിട്ടീഷ് തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എട്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഷോപ്പിംഗ് സെന്ററില്‍ അജ്ഞാതരുടെ കുത്തേറ്റ് യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. 20നോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവാവിനെ കുത്തേറ്റ പാടുകളോടെ സ്ട്രാറ്റ്‌ഫോഡ് സെന്ററില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏതാണ്ട് 10 മണിയോടു കൂടി ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 38 കൊലപാതകങ്ങള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അന്വേഷണം നടന്നുവരികയാണ്.

സംഭവത്തിന് ആരെങ്കിലും ദൃസാക്ഷികളായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. സ്ട്രാറ്റ്‌ഫോഡ് കൊലപാതകത്തെക്കുറിച്ച് മേജര്‍ ക്രൈം കമാന്റിന് വിവരം കൈമാറിയതായി സ്‌കോട്‌ലന്റ് യാര്‍ഡ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകുകയുള്ളുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്തിക്കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. 40കാരനായ ഒരാള്‍ വാല്‍ത്താംസ്‌റ്റോയിലും മറ്റൊരാള്‍ സൗത്താളിലുമാണ് ആക്രമിക്കപ്പെട്ടത്. സൗത്താളില്‍ വെച്ച് കുത്തേറ്റയാളെ വെസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോപാത്ത് വോക്കില്‍ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ മറ്റൊരാളെ ഞാറാഴ്ച്ച പോലീസ് കണ്ടെത്തിയിരുന്നു. 42 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ടോപാത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഹോണ്‍സ്ലോയിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരും ഇതിനോടകം പോലീസ് പിടിയിലായിട്ടുണ്ട്. ഹോണ്‍സ്ലോയില്‍ മരിച്ചയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്.