മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച, കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
ഉച്ചയോടെ ആയിരുന്നു അപകടം. കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.
രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.
Leave a Reply