26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറിന്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. പുല്‍വാമയ്ക്ക് പിന്നാലെ പാകിസ്താന്‍ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്‌ഐ ലക്ഷ്യമിട്ടത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.