ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിയുന്നത്ര നേഴ്സുമാരെ കൊല്ലുക. ലീഡ്സിലെ സെൻറ് ജെയിംസ് ആശുപത്രിയിലെ ക്ലിനിക്കൽ സപ്പോർട്ട് വർക്കർ ആയിരുന്ന മുഹമ്മദ് ഫാറൂഖിന്റെ ലക്ഷ്യം അതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മലയാളികൾ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ രക്ഷപ്പെട്ടത്. ഇത് കൂടാതെ ഇയാൾ നോർത്ത് യോർക്ക്ഷെയറിലെ അതീവ രഹസ്യ ചാര താവളമായ RAF മെൻവിത്ത് ഹില്ലിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു . ഷെഫീൽഡ് ക്രൗൺ കോടതിയിൽ ജസ്റ്റിസ് ചീമ ഗ്രബ്ബ് ആണ് ഇയാളെ 37 വർഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത് .
ചെന്നായയെ പോലെയുള്ള ഒരു തീവ്രവാദി എന്നാണ് കോടതി ഫാറൂഖിനെ വിചാരണവേളയിൽ വിശേഷിപ്പിച്ചത്. ആശുപത്രി ബോംബ് വെച്ച് തകർക്കാനുള്ള ഇയാളുടെ പദ്ധതി നടക്കാതെ പോയത് നഥാൻ ന്യൂബി എന്ന രോഗി മൂലമാണെന്ന് കോടതി എടുത്തുപറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിച്ചതിന് നഥാൻ ന്യൂബിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. പ്രതിയുടെ പ്രവർത്തി മന:പൂർവ്വം പരമാവധി ജീവൻ നഷ്ടപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു എന്ന് വിചാരണവേളയിൽ ജഡ്ജി പറഞ്ഞു.
2013 ലെ ബോസ്റ്റൺ മാരത്തണിൽ പൊട്ടിത്തെറിച്ച ബോംബുകളുടെ മാതൃകയിലാണ് ഫാറൂഖ് ബോംബ് നിർമ്മിച്ചത് . എന്നാൽ അതിലും ഇരട്ടി അളവിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ആശുപത്രിയെ തകർക്കാൻ ഇയാൾ ബോംബ് നിർമ്മിച്ചത്. പ്രഷർ കുക്കറിൽ ഏകദേശം 10 കിലോ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്. ഷെഫീൽഡ് ക്രൗൺ കോടതിയിൽ നടന്ന മൂന്നാഴ്ചത്തെ വിചാരണയ്ക്കിടെ റാഡിക്കൽ ഇസ്ലാമിലും ജിഹാദിലുമുള്ള താൽപ്പര്യമാണ് ഫാറൂഖിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഹോസ്പിറ്റലിൽ രോഗിയായി വന്ന ന്യൂബിയോട് ഫാറൂഖ് തന്റെ സഹപ്രവർത്തകരോടുള്ള പരാതികളെ കുറിച്ചും ബോംബ് ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിയുന്നത്ര നഴ്‌സുമാരെ കൊല്ലാനുള്ള പദ്ധതിയെ കുറിച്ചും പറഞ്ഞതാണ് അനേകരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് എന്ന് പ്രോസിക്യൂട്ടർ ജോനാഥൻ സാൻഡിഫോർഡ് കെസി പറഞ്ഞു. ഫാറൂഖിന്റെ തീവ്രവാദ വീക്ഷണങ്ങൾ നമ്മുടെ സമൂഹത്തിന് ഭീഷണിയാണെന്നും ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ തനിക്ക് സന്തോഷമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Leave a Reply