ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതിൽ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തിൽ നേരിട്ട തടസ്സമാണ് വിമാനങ്ങൾ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.

വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ പരിശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പലരുടെയും ലഗേജുകൾ അതാത് വിമാനത്തിൽ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം ആകെ താളം തെറ്റിയതിനെ തുടർന്ന് രാവിലെ മുതൽ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിൻ്റെ ചിത്രങ്ങൾ ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഞ്ചസ്റ്റർ എയർപോർട്ടിലെ ടെർമിനലിൽ ഒന്നിന്റെയും രണ്ടിന്റെയും പ്രവർത്തനങ്ങളെ പവർകട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നുള്ള വിമാനങ്ങൾക്കും കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ടെർമിനലുകൾ 1 അല്ലെങ്കിൽ 2 ൽ നിന്ന് യാത്ര ചെയ്യേണ്ട യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിൽ വരരുതെന്നും ഏറ്റവും പുതിയ വിവരങ്ങൾക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും മാഞ്ചസ്റ്റർ എയർപോർട്ട് അറിയിച്ചു. നിരവധി ഫ്ലൈറ്റുകൾ മറ്റ് എയർപോർട്ടുകളിലേയ്ക്ക് തിരിച്ചുവിടുന്നതു മൂലം യാത്രക്കാരെ കൊണ്ടുപോകുവാൻ എയർപോർട്ടിൽ വരുന്നതും ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അറിയിച്ചിട്ടുണ്ട് .

യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.