ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോക തൊഴിലാളി ദിനത്തിൽ ഇംഗ്ലണ്ടിൽ റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ കീഴിലുള്ള നേഴ്സുമാർ ഒരു ദിവസം നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സമരമെന്നാണ് ഇന്നത്തെ സമരത്തെക്കുറിച്ച് എൻഎച്ച് എസ് പറഞ്ഞത്. റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇംഗ്ലണ്ടിലെ പകുതിയോളം എൻഎച്ച്എസ് ട്രസ്റ്റുകളെ ബാധിക്കും. ഇന്ന് അർദ്ധരാത്രിക്കാണ് സമരം അവസാനിക്കുന്നത്. എ ആൻറ് ഇ, തീവ്രപരിചരണം, ക്യാൻസർ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ആരോഗ്യമേഖലയിൽ ഈ രീതിയിലുള്ള ഒരു സാഹചര്യം അസാധാരണമെന്നാണ് വിലയിരുത്തുന്നത്.

ആർസിഎന്നും യുണൈറ്റും ഒഴികെയുള്ള യൂണിയൻ പ്രതിനിധികളുമായി നിർദിഷ്ട ശമ്പള പരിഷ്കരണത്തെക്കുറിച്ച് നാളെ മന്ത്രിതല ചർച്ചകൾ നടക്കാനിരിക്കെയാണ് ഇന്ന് സമരം നടക്കുന്നത്. ഇന്ന് സമരവുമായി മുന്നോട്ടു പോകാനുള്ള ആർസിഎന്നിന്റെ നീക്കത്തെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. പണിമുടക്ക് ദിവസമായ ഇന്ന് സേവനങ്ങൾക്ക് തടസ്സവും കാലതാമസവും നേരിട്ടേക്കാമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


നേരത്തെ ആർസിഎൻ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് സമരം ഒരു ദിവസമായി വെട്ടി ചുരുക്കിയത്. സ്വതന്ത്രമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്നാണ് ഹൈക്കോടതി ഇടപെടലിനെ കുറിച്ച് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പ്രതികരിച്ചത്. ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.