ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ എയർപോർട്ടിൽ പാർക്കിംഗ് സംവിധാനത്തിൽ മാർച്ച് 25 മുതൽ നിർണായക മാറ്റം വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ എല്ലാ പ്രധാന പാർക്കിംഗ് മേഖലകളിലും ‘ബാരിയർലെസ്’ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഭാഗമായി പ്രവേശന കവാടങ്ങളിലും പുറം കവാടങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ സ്കാൻ ചെയ്ത് തിരിച്ചറിയും. ഇതിലൂടെ വാഹനങ്ങൾ പ്രവേശിക്കാനും പുറത്ത് പോകാനും നിർത്തേണ്ട സാഹചര്യം ഇല്ലാതാകുകയും ഗതാഗതം കൂടുതൽ സുതാര്യമാകുകയും ചെയ്യും.

പുതിയ സംവിധാനപ്രകാരം യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സന്ദർശനം കഴിഞ്ഞ് അടയ്ക്കാം. വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതിന് ശേഷം ഓൺലൈനായോ ഫോൺ മുഖേനയോ അല്ലെങ്കിൽ ‘ഓട്ടോ പേ’ സംവിധാനത്തിലൂടെയോ പണമടയ്ക്കാൻ കഴിയും. മുൻകൂർ രജിസ്ട്രേഷൻ നടത്തിയാൽ ബാങ്ക് കാർഡിൽ നിന്ന് തുക സ്വമേധയാ ഈടാക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. ഇതോടെ പേയ്‌മെന്റ് മെഷീനുകൾ തേടി നടക്കേണ്ടതില്ലെന്നും തിരക്കേറിയ സമയങ്ങളിൽ നീണ്ട നിരകൾ ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സമയം ലാഭിക്കുന്നതോടൊപ്പം ഗതാഗതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ ബാരിയർലെസ് പാർക്കിംഗ് സംവിധാനം അവതരിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായി സേവനങ്ങൾ മെച്ചപ്പെടുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കാനും വിമാനത്താവളത്തിലെക്ക് വരുന്നതും പോകുന്നതും കൂടുതൽ സുഗമമാക്കാനുമാണ് ഈ മാറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംവിധാനത്തെ കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളും നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.











Leave a Reply