ഡെര്‍ബ്‌ഷെയര്‍: പുതിയ എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ 70 മൈല്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കും. എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളില്‍ പോലും ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ ഫൈന്‍ അടക്കേണ്ടി വരും. ടിബ് ഷെല്‍ഫ് സര്‍വീസ് മുതല്‍ ഡെര്‍ബ്‌ഷെയര്‍ വരെയുള്ള പാതയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാമറയ്ക്ക് മുന്നില്‍ കുടുങ്ങുന്നത്. 2017ല്‍ ഫൈന്‍ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത് ഈ പ്രദേശത്ത് നടന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളിലെന്നുമാണെന്ന് കാഷ്യാലിറ്റി റിഡക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സപ്പോര്‍ട്ട് ടീം (CREST) വക്താവ് അറിയിച്ചു. 8,382 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് നിയമ ലംഘനം നടത്തിയതെന്നും ക്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

24 മണിക്കൂര്‍ കാമറ നിരീക്ഷണം ഉള്ള പ്രദേശങ്ങളിലെ റോഡുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണെന്ന് നിരവധി റോഡപകടങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള റോബര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മറിച്ച് ശ്രദ്ധിയില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണെന്ന് അദ്ദേഹം പറയുന്നു. ഫൈനടക്കുന്ന പണം നേരിട്ട് സര്‍ക്കാരിലേക്കാണ് വന്നു ചേരുക. വാഹനങ്ങള്‍ വേഗതയില്‍ ഓടിക്കുന്നതിന് മുന്‍പ് അപകടങ്ങള്‍ നിങ്ങള്‍ക്കും കുടുബത്തിനും ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കാമെന്ന് ഓര്‍ക്കണമെന്നും റോബര്‍ട്ട്‌സ പറയുന്നു. നിങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നാളെ ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നും റോബര്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു.

ചിലര്‍ സ്ഥിരമായി ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുന്നവരാണ് ചിലരാണെങ്കില്‍ വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കും പ്രത്യേകിച്ചും യുവാക്കളാണ് ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോബര്‍ട്ട്‌സ് പറഞ്ഞു. മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു നിമിഷം മതി വലിയ അപകടങ്ങള്‍ വിളിച്ചു വരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഓവര്‍ സ്പീഡില്‍ പോകുക, മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഡെര്‍ബ്‌ഷെയറിലെ ക്രസ്റ്റ്(CREST) യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക.