ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മാഞ്ചസ്റ്റർ : ബ്രിട്ടനിലെ ആളുകൾ ഇപ്പോഴും ഓർക്കാൻ മടിക്കുന്ന ഒരു ദിനമാണ് 2017 മെയ്‌ 22. മാഞ്ചസ്റ്ററിൽ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതനിശയ്ക്കിടയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 22 പേരാണ്. നൂറോളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, മാഞ്ചസ്റ്റർ അരീന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണം അന്വേഷിക്കാൻ ഒരു പൊതു അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിരീടാവകാശി സർ ജോൺ സോണ്ടേഴ്‌സിന്റെ നിർദേശപ്രകാരമാണ് ഈയൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അറിയിച്ചു. ഒരു പൊതു അന്വേഷണം ആവശ്യമാണെന്ന് സർ ജോൺ അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും അർഹമായ നീതി നടപ്പാക്കണമെന്നും അവർക്ക് ആവശ്യമായ ഉത്തരം നൽകണമെന്നും പ്രീതി പറഞ്ഞു. ഇതിൽ നിന്നൊക്കെ നമ്മൾ ധാരാളം പഠിക്കാനിരിക്കുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. വിരമിച്ച ഹൈക്കോടതി ജഡ്‌ജി സർ ജോൺ അന്വേഷണത്തിന് അദ്ധ്യക്ഷത വഹിക്കും. ഒരു ന്യായമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ ഒക്കെ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ഫോടനം നടത്തിയ ചാവേറായ സൽമാൻ അബേദിയുടെ സഹോദരൻ ഹാഷെം അബേദി കുറ്റകാരൻ അല്ലെന്ന് അറിയിച്ചതോടെയാണ് ഒരു പൊതു അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.