മാഞ്ചസ്റ്റർ ആക്രമണം:കൂടുതൽ വിവരങ്ങൾ മാഞ്ചസ്റ്റർ ആക്രമണം: യുഎസിന് കൂടുതൽ വിവരങ്ങൾ കൈമാറില്ലെന്ന് ബ്രിട്ടൺ
26 May, 2017, 7:33 am by News Desk 1

ലണ്ടൻ∙  മാഞ്ചസ്റ്ററിലെ ചാവേർ ഭീകരാക്രമണത്തിന് ഉപയോഗിച്ച നെയിൽ ബോംബിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും അക്രമിയുടെ വിവരങ്ങളും അമേരിക്കൻ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നത് ബ്രിട്ടൺ നിർത്തിവച്ചു. വിവരങ്ങൾ ചോർന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ‌ ആശങ്കഅറിയിച്ചു. ബ്രിട്ടൻ നിലപാടു കടുപ്പിച്ചതോടെ രാജ്യസുരക്ഷയ്ക്കു വിരുദ്ധമായി അമേരിക്കൻ മാധ്യമങ്ങൾ പ്രവർത്തിച്ചെന്ന കുറ്റപ്പെടുത്തലുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയെങ്കിലും ഇനി ഇതുസംബന്ധിച്ച രഹസ്യവിവരങ്ങൾകൈമാറേണ്ടതില്ല എന്ന തീരുമാനത്തിൽനിന്നും ബ്രിട്ടൺ പിന്നോട്ടില്ലെന്നാണ് സൂചന.

അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസിലൂടെയാണ് ചാവേർ ഭീകരന്റെ ചിത്രവും വിവരങ്ങളും സ്ഫോടനത്തിനുപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും ആദ്യം പുറത്തുവന്നത്. സ്കോട്ട്ലൻഡ്്യാർഡിന്റെ അന്വേഷണപുരോഗതിയെ ഇത് തടസപ്പടുത്തിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കിട്ടുന്ന ഓരോ വിവരവും നാഷണൽ കൌണ്ടർ ടെററിസം ടീമിന് കൈമാറാറുണ്ട്. ഇവർ ഇത് അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉടൻ ലഭ്യമാക്കും. എല്ലാ ഭീകരാക്രമണ കേസുകളിലും ഈ നടപടി പതിവാണ്. ഇതനുസരിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിക്കു നൽകിയ വിവരങ്ങളാണ് പിറ്റേന്ന് പത്രത്തിലൂടെ പുറത്തായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് ഇങ്ങനെ പരസ്പരം രഹസ്യവിവരങ്ങൾ കൈമാറുന്ന കരാർ ഫൈവ് ഐസ് ഇന്റലിജൻസ് ഷെയറിംങ് എഗ്രിമെന്റ് എന്നാണ് അറിയപ്പെടുന്നത്. രാജ്യസുരക്ഷയെ കരുതി ഈ അഞ്ചുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി വിവരം ചോർന്നു പോയത് ബ്രിട്ടൺ അതീവ ഗൗരവമായിത്തന്നെയാണ് കാണുന്നത്. അമേരിക്കയ്ക്ക് ഇത് നാണക്കേടുമായി.

ഇതിനിടെ രഹസ്യവിവരങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചത് രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന നടപടിയാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും ബ്രസൽസിൽ നാറ്റോ സഖ്യത്തിന്റെ യോഗത്തിനിടെ ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. നാളുകളായി തുടരുന്ന പ്രവണതയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ആയിരിക്കും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക. നയതന്ത്രതലത്തിൽ അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധത്തേക്കാൾ പരിപോഷിപ്പിക്കപ്പെടേണ്ട മറ്റൊന്നില്ലെന്നും സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ  ട്രംപ് വിശദീകരിച്ചു.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരേക്കൂടി ഇന്നലെ അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved