ലണ്ടൻ∙ മാഞ്ചസ്റ്ററിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച് ഐഎസ് അനുകൂലികള്‍. സ്‌ഫോടനം പ്രവചിച്ച് നാലു മണിക്കൂര്‍ മുൻപു രണ്ട് ഐഎസ് അനുകൂലികള്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇസ്‍ലാമിക് സ്‌റ്റേറ്റ്, മാഞ്ചസ്റ്റര്‍ അരീന തുടങ്ങിയ ടാഗുകള്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളുടെ ഭീഷണി നിങ്ങള്‍ മറന്നോ?’ എന്ന ചോദ്യമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നില്‍ ‘ജസ്റ്റ് ടെറര്‍’ എവിടെ കണ്ടാലും അവരെ കൊന്നുകളയുക എന്ന പോസ്റ്ററാണു പ്രസിദ്ധീകരിച്ചത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ച സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍. എന്നാല്‍ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഐഎസ് തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ടും ആഘോഷിച്ചുകൊണ്ടും പോസ്റ്റുകളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഉപയോക്താക്കള്‍ ഇത്തരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണമെന്ന് ചില ട്വിറ്റര്‍ പോസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് വ്യോമസേന മൊസൂളിലെയും റാക്കയിലെയും കുട്ടികള്‍ക്കുമേല്‍ വര്‍ഷിച്ച ബോംബുകളാണ് മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ചതെന്നാണ് ചില പോസ്റ്റുകള്‍. ചിലര്‍ ഭീഷണി സ്വഭാവമുള്ള ഐഎസ് വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണം നടത്തിയവരെല്ലാം കരുതുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പ്രാദേശിക സമയം രാത്രി 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.
Leave a Reply