മാഞ്ചസ്റ്റര്‍∙ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ മിക്കവരും ആശ്രയിച്ചത് സമൂഹമാധ്യമങ്ങളെ. തിക്കിനും തിരക്കിനും ഇടയില്‍ സ്‌റ്റേഡിയത്തില്‍ ഒറ്റപ്പെട്ട അമ്പതോളം കുട്ടികളെ സമീപത്തുള്ള ഹോളിഡേ ഇന്നിലേക്കു മാറ്റിയതായും സമൂഹമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു വന്നു. ഹോട്ടലില്‍ നിരവധി കുട്ടികള്‍ തന്റെ സംരക്ഷണയിലുണ്ടെന്നും മാതാപിതാക്കള്‍ ബന്ധപ്പെടണമെന്നും പൗല റോബിന്‍സണ്‍ എന്ന സ്ത്രീ ട്വീറ്റ് ചെയ്തു.
തനിക്കു കഴിഞ്ഞിടത്തോളം കുട്ടികളെ ഹോളിഡേ ഇന്നിലെത്തിച്ചിട്ടുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും ട്വീറ്റില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്ത് സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ കണ്ടെത്തി അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെ കണ്ടില്ലെന്നു കാട്ടി നിരവധി പേര്‍ ട്വിറ്ററില്‍ സന്ദേശമിട്ടു.
പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ കഴിയാതെ നിരവധി ആളുകളാണ് മാഞ്ചസ്റ്റര്‍ അരീനയ്ക്കു സമീപം ചുറ്റിത്തിരിയുന്നത്. തന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും പരിപാടിക്കുണ്ടായിരുന്നുവെന്നും അവര്‍ക്കു സ്‌ഫോടനത്തില്‍ പരുക്കേറ്റുവെന്നും ആന്‍ഡ്രൂ സീനിയര്‍ എന്നയാള്‍ പറഞ്ഞു. ഫോണിലൂടെ അവരുമായി സംസാരിച്ചു. തിരക്കിനിടയില്‍ ഭാര്യയും മക്കളും വേര്‍പെട്ടു പോയെങ്കിലും അവര്‍ സുരക്ഷിതരാണെന്നു സന്ദേശം ലഭിച്ചുവെന്നും ആന്‍ഡ്രൂ അറിയിച്ചു. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply